Sunday 9 September 2018

ജൈവ ചീര കൃഷി വിളവെടുപ്പ്


മൊഗ്രാൽ പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതി -സീഡ് -നല്ല പാഠം ക്ലബ്ബ് കളുടെ നേതൃത്വ ത്തിൽ കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സ്കൂൾ പച്ചക്കറി ത്തോട്ടം പദ്ധതി യിൽ പെടുത്തി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ കൃഷി ഭവൻ  മുഖേന നടപ്പാക്കിയ ജൈവ പച്ചക്കറി കൃഷി ത്തോട്ടത്തിൽ ഒന്നാം ഘട്ടമായി  വിളഞ്ഞ വർഷ കാല ചീര വിളവെടുപ്പ് നടത്തി. വർഷകാലത്ത് പരമ്പരാഗതമായി കൃഷി ചെയ്ത് വന്നിരുന്ന നാടൻ ചീര വിത്തിനമാണ് ഇലക്കറിക്കും വിത്തുല്പാദനത്തിനുമായി കൃഷിയിറക്കിയിട്ടുള്ളത്. അന്യം വന്ന്‌ പോകുന്ന നാടൻ പച്ചക്കറി വിത്തുകൾ സംരക്ഷിച്ചു നിർത്തുന്നതിനായ് നാട്ടറിവുകൾ പ്രയോജനപ്പെടുത്തി കൊണ്ട് ജൈവ രീതിയിൽ കൃഷി ചെയ്യുകയും ഗുണമേന്മയുള്ള വിത്തുകൾ ശേഖരിച് ശാസ്ത്രീയമായി സംസ്‌കരിച്ച വിത്തുപൊതികൾ കുട്ടികൾ ക്ക് അടുക്കള ത്തോട്ടത്തിൽ കൃഷി ചെയ്യുന്നതിനായി നൽകുന്ന പദ്ധതിക്കാണ് പ്രവർത്തനം കുറിച്ചിട്ടുള്ളത്. 
ഹെഡ്മാസ്റ്റർ കെ  അരവിന്ദയുടെ അദ്ധ്യക്ഷതയിൽ മൊഗ്രാൽ പുത്തൂർ കൃഷി ഓഫീസർ ചവന നരസിംഹലു വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് കെ അബ്ദുൽ ഹമീദ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ വിനോദ്  പി വി, മഹേഷ്‌  സി, സീഡ് കോഓർഡിനേറ്റർ രാഘവ എം എൻ, നല്ല പാഠം കോഓർഡിനേറ്റർ ജനാർദ്ദനൻ ടി വി, പ്രമീള വി വി, സുബൈദ സി വി, വിനോദ് കുമാർ കല്ലത്ത്, നവീൻ കുമാർ സി എച്, സ്റ്റുഡന്റ് കൺവീനർ മാരായ ജയപ്രകാശ്, ഫാത്തിമത് ജഹനാ ഷിറിൻ എന്നിവർ നേതൃത്വം നൽകി. വിളവെടുത്ത ചീര സ്കൂൾ ഉച്ചഭക്ഷണ പരിപാടിക്കായി നൽകി.




Thursday 6 September 2018

*അധ്യാപക ദിനാഘോഷം 2018

  മൊഗ്രാൽപുത്തൂർ  :സർഗ്ഗാ ത്മക ഗുരുശിഷ്യബന്ധത്തിന്റെ ചാരുതയും വശ്യതയും വിളിച്ചോതുന്ന   ഭാവനാസമ്പന്നവും വൈവിധ്യ പൂർണ്ണവുമായ പരിപാടികളാൽ സമ്പന്നമായിരുന്നുഈ വർഷത്തെ അധ്യാപക ദിനാചരണം.. അധ്യാപക വിദ്യാർത്ഥിബന്ധത്തിന്റെ രസതന്ത്രം   വിദ്യാർത്ഥികളുടെ കണ്ണുകളിലൂടെ നീരീക്ഷിക്കുന്നതിനുള്ള വലിയ ശ്രമങ്ങളായിരുന്നു ഓരോ പരിപാടിയും.ദിനാചരണ പ്രത്യേക അസംബ്ലിയിൽ മുഴുവൻ അധ്യാപകരെയും പ്രതീകാത്മകമായി ആദരിച്ചുകൊണ്ടായിരുന്നു തുടക്കം.. എല്ലാവർക്കും വേണ്ടി അധ്യാപക പ്രതിനിധികളായി ശ്രീ.ഹമീദ് മാസ്റ്റർ, ചെല്ലപ്പൻ സാർ, ശ്രീമതി വന്ദന ടീച്ചർ എന്നിവർ ആദരവ് ഏറ്റുവാങ്ങി.. സമീപഭൂതകാലത്ത് വിദ്യാലയത്തെ സമ്പന്നമാക്കി. കാലമെത്താതെ കടന്നു പോയ പ്രിയ അധ്യാപകർ ശ്രീ.ഫസലുൽ ഹഖ്, ശ്രീമതി ചന്ദ്രിക ടീച്ചർ എന്നിവരെ ആനുസ്മരിക്കുന്ന വേദി കൂടിയായി അസംബ്ലി മാറി.. അധ്യാപകർ വിദ്യാർത്ഥികളും, വിദ്യാർത്ഥികൾ അദ്ധ്യാപകരുമായി രൂപാന്തരപ്പെട്ട സർഗാത്മകത പല ക്ലാസുകളിലും അനുപമമായി മാറി.. കാലത്തിനൊപ്പമോ, കാലത്തിന് മുന്നേയോ കൈ പിടിച്ച് നടത്തുന്ന ഗുരുത്വത്തെ നിർവ്വചിക്കുന്ന ചാർട്ടുകൾ തയ്യാറാക്കി വിദ്യാർത്ഥികൾ തന്നെ പ്രദർശിപ്പിക്കുകയുണ്ടായി.ഗുരു ശിഷ്യബന്ധത്തിന്റെ രസച്ചരടുകൾ പൊട്ടാതെ നിലനിർത്തേണ്ട കാലത്തിന്റെ ആവശ്യകതയും, ആധികാരികതയും വിളിച്ചോതിയ സർഗ്ഗ സംവാദം നവ്യാനുഭവമായി മാറി.. അധ്യാപകരിൽ നിന്ന് വിദ്യാർത്ഥികൾ മാത്രമല്ല വിദ്യാർത്ഥികളിൽ നിന്ന് അധ്യാപകരും പഠിച്ചു കൊണ്ടേയിരിക്കണമെന്ന സന്ദേശം പറയാതെ പറയുന്ന ഒന്നായിരുന്നൂസർഗ്ഗ സംവാദം കുട്ടികളെപ്പോലെ ചിന്തിക്കുകയും പ്രവ്യത്തിക്കുകയും ചെയ്യുന്നവർക്കു മാത്രമേ കുട്ടികൾക്കൊപ്പമോ അവർക്ക് മുന്നിലോ നിലകൊള്ളാൻ കഴിയൂ എന്ന തിരിച്ചറിവായിരുന്നു കുട്ടികൾ സംഘടിപ്പിച്ച അധ്യാപകർക്കു വേണ്ടിയുള്ള കായിക മത്സരത്തിലെ പങ്കാളിത്തം '  അറിവിന്റെയും, തിരിച്ചറിവിന്റേയും ആത്മബന്ധങ്ങളുടെയും ഇഴചേരലുകളിൽ പുതിയ ഒരു ഊർജം പ്രദാനം ചെയ്യുന്ന ദിനമായിരുന്നൂ  അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഈ വർഷത്തെ അധ്യാപക ദിനാഘോഷം

കടലോളം കാരുണ്യവുമായൊരു കുരുന്ന് .

 മൊഗ്രാൽ പുത്തൂർ:   കാരുണ്യം പുസ്തകത്താളുകളിലെ കേവലമൊരു വാക്കല്ലെന്നും, ഹൃദയ ചോദനകളുടെ പ്രതിഫലനമാണെന്നും തെളിയിക്കുന്നു ജി.എച്ച്.എസ്.എസ് മൊഗ്രാൽപുത്തൂർ ആറാംതരം സി.യിലെ മുഹമ്മദ് മിഷാൽ  കേരളം നടുങ്ങിയ പ്രളയത്തിൽ ദുരിതബാധിതരായവർക്കൊപ്പം കൈകോർക്കുകയാണ് ഈ കൊച്ചു മിടുക്കൻ.. വർഷങ്ങളായി സ്കൂൾ സമ്പാദ്യ പദ്ധതിയിലൂടെ സ്വരൂ ക്കൂട്ടിയ തുക മുഴുവൻ  ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കാരുണ്യത്തിന്റെ മാതൃകയായിത്തീർന്നിരിക്കുന്നു ഈ കുട്ടി. അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പ്രത്യേക അസംബ്ലിയിൽ വെച്ചാണ് മിഷാൽ തന്റെ പിതാവിനൊപ്പമെത്തി തുക ബഹു. ഹെഡ്മാസ്റ്റർക്കും, സ്കൂൾ സമ്പാദ്യ പദ്ധതിയുടെ ചുമതലയുള്ള സൈദലവി മാഷിനും കൈമാറിയത്.. ബഹു .പി .ടി .എ .പ്രസിഡണ്ട് മഹ്മൂദ് ബെള്ളൂർ  വിദ്യാലയത്തിന്റെ സ്‌നേഹോപഹാരം വിദ്യാർത്ഥിക്ക് നല്കി ആദരിച്ചു
..

Thursday 5 July 2018

*എസ്.എസ്.എൽ.സി., യു.എസ്.എസ്.ഉന്നത വിജയികൾക്ക് അനുമോദനം*

 മൊഗ്രാൽപുത്തൂർ:        അക്കാദമിക മികവിലൂടെ വിദ്യാലയ മികവിനെ അടയാളപ്പെടുത്തിയ പ്രിയ വിദ്യാർത്ഥിനികൾക്ക് ആദരവും അനുമോദനവും എസ്.എസ്.എൽ.സി.പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ചൈത്ര പി ജി, നിഷ.പി, ഭവ്യ ലക്ഷ്മി ,യു.എസ്.എസ്.നേടിയ ഷഹ്ഹ ല സ ബ്റിൻ, മറിയം സീനത്ത്, റുഖിയ ഹിബഎന്നീ വിദ്യാർത്ഥിനികളും, അണ്ടർ 13 വിഭാഗത്തിൽ എഫ്.സി.മാംഗ്ലൂർ ഫുട്ബോൾ ടീമിൽ സെലക്ഷൻ നേടിയ ഷഹ്സാദ് എന്ന വിദ്യാർത്ഥിയുമാണ് സ്കൂൾ അസംബ്ലിയിൽ പി.ടി.എ.യുടെയും രക്ഷിതാക്കളുടെയുമെല്ലാം സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയത്.. പി.ടി.എ & സ്റ്റാഫിന്റെ മൊമൻ റോ, ദേശീയ അധ്യാപക അവാർഡ് ജേതാവായിരുന്ന ശ്രീ.ബാബു രാജൻ മാസ്റ്ററിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്, മൊമൻ റോ എന്നിവ ബഹു.പഞ്ചായത്ത് പ്രസിഡണ്ടും ഹെഡ്മാസ്റ്ററും ചേർന്ന് വിദ്യാർത്ഥികൾക്ക് നൽകി.സ്റ്റാഫ് സെക്രട്ടറി സ്വാഗതവും, സി.ടി.പ്രഭാകരൻ  നന്ദിയും പറഞ്ഞ ചടങ്ങിൽ പി.ടി.എ.പ്രസിഡണ്ട് മഹ്മൂദ് ബെള്ളൂർ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീൽ, ഹെഡ്മാസ്റ്റർ കെ.അരവിന്ദ, ഹയർ സെക്കന്ററി സീനിയർ അധ്യാപകൻ ബാലകൃഷണൻ , അനീഷ് ,തുടങ്ങിയവർ സംസാരിച്ചു. കുമാരി ഭവ്യ ലക്ഷ്മി മറുപടി പ്രസംഗം നടത്തി


വിശ്വവിഖ്യാതനായ കഥകളുടെ സുൽത്താന് പ്രണാമം*..

മൊഗ്രാൽപുത്തൂർ:   ആടിന് പ്ലാവിലയും നൽകിക്കൊണ്ട് പാത്തുമ്മ, ഇമ്മിണി ബല്ല്യ കണ്ണുകളുമായി മജീദിനൊപ്പം സുഹറ. ആനയോളം കൗതുകമുണർത്തി രാമൻ നായർ ,മൂത്താപ്പയെ വിറപ്പിക്കുന്ന മീശയും കത്തിയുമായി പോക്കർ ,അത്ഭുതവും കൗതുകവുമുണർത്തിവിശ്വവിഖ്യാതമൂക്കൻ , എല്ലാവരേയും കൗതുകത്തോടെ വീക്ഷിച്ചു  കൊണ്ട് ചാരുകസേരയിൽ ഇമ്മിണി വല്യ കഥകളുടെ സുൽത്താൻ .. .മൊഗ്രാൽപുത്തൂർ ജി.എച്ച്.എസ്.എസിലാണ് ബഷീർ അനുസ്മരണ പരിപാടിയുടെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറും, കഥാപാത്രങ്ങളും പുനരാവിഷ്ക്കരിക്കപ്പെട്ടത്.. കഥാപാത്രത്തിനനുഗുണമായ പിന്നണി സംഗീതത്തിന്റെ അകമ്പടിയോടെ കഥാപാത്രങ്ങൾ പുസ്തകത്താളുകളിൽ നിന്നും ഇറങ്ങി കുട്ടികൾക്കിടയിലേക്ക് ചെല്ലുമ്പോൾ, ആവേശത്തോടെ തങ്ങളുടെ പ്രിയ കഥാപാത്രങ്ങളെ ഏറ്റെടുത്ത് അനശ്വര കഥാകാരന് പ്രണാമമർപ്പിക്കുകയായിരുന്നു വിദ്യാർത്ഥികൾ സ്കൂൾ വിദ്യാരംഗം സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിക്ക് ശ്രീമതി ഇന്ദു കല, പ്രീക്ഷ്മ, റംല, സരിത, മനോജ്, സുനിൽ, ചെല്ലപ്പൻ, പ്രമീള തുടങ്ങിയവർ നേതൃത്വം നൽകി 'ബഷീർ പുസ്തങ്ങളുടെ പ്രദർശനം, കഥാപാത്രങ്ങളുടെ കാരിക്കേച്ചർ പ്രദർശനം, എൽ.പി. വിദ്യാർത്ഥികളുടെ കഥയും കഥാകാരനും, ബഷീർ അനുസ്മരണ പ്രഭാഷണവും തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുകയുണ്ടായി


*ക്ലാസ് പി.ടി.എ.യും, രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസും* .

.അക്കാദമിക മികവിന്റെ അളവുകോലായ എസ്.എസ്.എൽ.സി.പരീക്ഷാ ഫലം മികവുറ്റതാക്കാൻ അധ്യാപക രക്ഷാകർതൃ കൂട്ടായ്മ.. അതിന്റെ ഭാഗമായി പത്താംതരം വിദ്യാർത്ഥികളുടെ  ക്ലാസ്.പി.ടി.എ.യോഗവും, ബോധവത്കരണ ക്ലാസും ഹൈസ്കൂൾ SRG യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി.പ്രധാനാധ്യപകൻ ശ്രീ.കെ.അരവിന്ദ, എസ്.ആർ.ജി.കൺവീനർ ശ്രീമതി പ്രസീന, അബ്ദുൾ ഖാദർ ,രാഘവ എൻ.എം, സുബൈദ, പ്രസന്നകുമാരി, സഹന, തുടങ്ങിയവർ നേതൃത്വം നൽകി.സി.ടി.പ്രഭാകരൻ ബോധവത്കരണ ക്ലാസ് നയിച്ചു.വീട് മറ്റൊരു വിദ്യാലയമാക്കി മാറ്റേണ്ടതിന്റെ ആവശ്യകതയും, കുട്ടികളുടെ മാനസികാവസ്ഥയ്ക്ക് രക്ഷിതാക്കൾ കൈത്താങ്ങാ വേണ്ടത് എങ്ങിനെയെന്നും തുടങ്ങി പാരന്റിംഗിന്റെ വിവിധ കാര്യങ്ങൾ കൂട്ടായ്മ ചർച്ച ചെയ്തു.


Sunday 1 July 2018

ഫുട്ബോള്‍ ആവേശം ചൊരിഞ്ഞ് കൊളാഷ് മത്സരം

മൊഗ്രാല്‍പുത്തൂര്‍: ലോകമെങ്ങും അലയടിച്ചുയരുന്ന ഫുട്ബോള്‍ ആവേശത്തിരമാലകള്‍ കൊളാഷ് നിര്‍മ്മാണത്തിലൂടെ മൊഗ്രാല്‍പുത്തൂരിലും..
താരങ്ങളെയും  വാര്‍ത്തകളെയും ലോകഭൂപടത്തിന്‍റെ മാതൃകയില്‍ കുട്ടികള്‍ കൊളാഷാക്കി മാറ്റിയപ്പോള്‍ ഫുട്ബോള്‍ ആവേശത്തിനൊപ്പം വേറിട്ട ഒരു മത്സരത്തിനും മൊഗ്രാല്‍പുത്തൂര്‍ സാക്ഷ്യം വഹിച്ചു.
യു.പി,ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച മത്സരത്തില്‍ 7E, 7C എന്നീ ക്ളാസ്സുകള്‍ യഥാക്രമം ഒന്ന്,രണ്ട് സ്ഥാനം നേടി.മനോജ് കുമാര്‍.ടി.വി,: ജി.കെ.ഭട്ട്, വന്ദന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Wednesday 27 June 2018


എല്ലാവർക്കും ലാപ് ടോപ്പ് പദ്ധതി ഒന്നാം ഘട്ടം* ഉദ്ഘാടനമായി

 മൊഗ്രാൽപുത്തൂർ:   കാലം ആവശ്യപ്പെടുന്ന  തരത്തിൽ വിദ്യാലയങ്ങൾ ഹൈടെക്കായി മാറുമ്പോൾ മാറ്റത്തിന്റെ വേഗത കൂട്ടാൻ അധ്യാപക കൂട്ടായ്മ ..  ഹൈടെക്  സ്വപ്ന പദ്ധതിയുടെ സമ്പൂർണ്ണമായ ആവിഷ്കാരത്തിനും, അതിന് പ്രായോഗിക തലത്തിൽ ഉണ്ടാകുന്ന പ്രയാസങ്ങളെ പൂർണ്ണമായും മറികടക്കുന്നതിനും വേണ്ടിയുള്ള ഇച് ഛാശക്തിയോടെയാണ് എല്ലാവർക്കും ലാപ് ടോപ്പ് എന്ന ആശയം സ്റ്റാഫ് കൗൺസിൽ മുന്നോട്ട് വച്ചത്. പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം 27.6.2018 ബുധനാഴ്ച്ച ബഹു.ഹെഡ്മാസ്റ്റർ കെ.അരവിന്ദനിർവ്വഹിച്ചു. അധ്യാപകരിൽ പകുതിയിലധികം പേരും സ്വന്തമായ ലാപ്ടോപ്പുമായാണ് ഉദ്ഘാടനത്തിനെത്തിയത്. എസ്.ഐ.ടി.സി.മാരായ ഫസലുൽ റഹ്മാൻ, സിന്ധു, ടി.ടി.വി. എന്നിവർ ഉദ്ഘാടന ദിനത്തിലെ പരിശീലനത്തിന് നേതൃത്വം നൽകി.. ഔദ്യോഗിക പരിശീലനത്തിന് പുറമേ നവം നവങ്ങളായ ഐ.ടി. സാധ്യതകളെക്കുറിച്ചുള്ള പ്രായോഗിക പരിശീലനങ്ങൾ എല്ലാ ആഴ്ച്ചയിലും സംഘടിപ്പിക്കുക എന്നത് കൂടി പദ്ധതിയുടെ ഭാഗമാണ്. രണ്ടാം ഘട്ട ഉദ്ഘാടനം ജൂലൈ അവസാന വാരത്തിൽ നടക്കുന്നതാണ്.


Sunday 24 June 2018

ഗണിത ക്ലബ്ബ് ഉദ്ഘാടനവും, ഗണിത ക്യാമ്പും*

 മൊഗ്രാൽപുത്തൂർ:   അസാധ്യമെന്നു തോന്നുന്ന സമസ്യകൾ, ഗണിത സൂത്രത്തിലൂടെ നിസ്ലാ തമാക്കിയപ്പോൾ കുരുന്നുകൾക്ക് വിസ്മയവും ആഹ്ലാദവും .. ഗണിതത്തിന്റെ രസതന്ത്രം രൂപപ്പെടുന്ന വഴികൾ തിരിച്ചറിഞ്ഞപ്പോൾ അഭിമാനം: തീർത്തും ഗണിതത്തിന്റെ വിസ്മയ പ്രപഞ്ചം ഏറെ ആസ്വാദ്യകരമെന്ന തിരിച്ചറിവിലൂടെ ഗണിതവുമായി ചങ്ങാത്തം .. മൊഗ്രാൽപുത്തൂർ ജി.എച്ച്.എസ്.എസിൽ നടന്ന ഗണിത ക്യാമ്പാണ് ഗണിതവിസ്മയങ്ങളുടെ അരങ്ങായി മാറിയത്.. കാസർഗോഡ് ബി.ആർ.സി.യിലെ ശ്രീ.കൃഷ്ണദാസ് പലേരിയായിരുന്നു ക്യാമ്പിന് നേതൃത്വം നല്കിയത് അധ്യാപകരായ ശ്രീമതി പ്രസീന, പ്രസീത, നവീൻകുമാർ,സജീഷ്, ദീപേഷ് കുമാർ, മനോജ്, ഫസലുൽ റഹ്മാൻ, നിഷ തുടങ്ങിയവരും ഗണിത ക്ലബ്ബ് ഭാരവാഹികളും അദ്ദേഹത്തോടൊപ്പം പങ്കാളികളായി.. വിവിധ ക്ലാസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികളായിരുന്നു ക്യാമ്പിലുണ്ടായിരുന്നത്.2018-19 വർഷത്തെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനവും ശ്രീ.കൃഷ്ണദാസ് പലേരി നിർവ്വഹിച്ചു.i



Sunday 3 June 2018

*അനുഭവപ്പഴമയുടെ കരം ഗ്രഹിച്ച് അറിവിന്റെ പടികൾ ചവിട്ടി കുരുന്നുകൾ*

            മൊഗ്രാൽപുത്തൂർ: അറിവിന്റെ അത്ഭുതലോകത്തിലേക്ക് കുതിക്കാനൊരുങ്ങുന്ന കുരുന്നുകളെ കൈ പിടിച്ചാനയിക്കാൻ  അറിവിന്റെയും അനുഭവത്തിന്റെയും ആൾരൂപമായ ആ മുകടവത്ത്.. മൊഗ്രാൽപുത്തൂർ ജി.എച്ച്.എസ്.എസിലെ പ്രവേശനോത്സവേദിയിലായിരുന്നു ഈ അപൂർവ്വ സംഗമം.ആദ്യാക്ഷരം നുകരാനെത്തുന്ന കുരുന്നുകളെ എൺപതിന്റെ നിറവിലും കൈപിടിച്ചാനയിക്കാൻ സാംസ്കാരിക സായാഹ്ന പ്രതിഭയായ ആ മു  കടവത്തെത്തിയത് ചടങ്ങിനെ അർത്ഥവത്താക്കി ഹീറോസ് ബെള്ളൂരിന്റെ പ്രവർത്തകർ അലങ്കരിച്ച വീഥിയിലൂടെ വർണ്ണത്തൊപ്പിയണിഞ്ഞ് കൈകളിൽ ബലൂണുകളും അലങ്കാരങ്ങളും, വിടർന്ന കണ്ണുകളിൽ വിസ്മയവുമായി 75 നവാഗതരും രക്ഷിതാക്കളും അണിനിരന്നത് ഏറെ ആവേശകരമായി. അലങ്കരിക്കപ്പെട്ട ക്ലാസ് മുറികളിൽ മൊഗ്രാൽപുത്തൂർ ബഹ്റൈൻ മുസ്സീം ജമാഅത്ത് കമ്മിറ്റി തങ്ങൾക്കായി നൽകി ഒരുക്കിയ മേശകളും കസേരകളും കണ്ട കുഞ്ഞു മനസ്സുകളിലെ ആഹ്ലാദം കണ്ണുകളിൽ പൂത്തിരിയായി തെളിഞ്ഞു. ആഹ്ലാദം അലതല്ലുന്ന അന്തരീക്ഷത്തിൽ കുട്ടികൾക്കുള്ള വായനാ കാർഡ് ബഹു.ഹെഡ്മാസ്റ്റർ കെ.അരവിന്ദയും, യൂ നീ ഫോമും പഠന കിറ്റുകളും യഥാക്രമം എസ്.എം.സി.ചെയർമാൻ പി.ബി.അബ്ദുൾ റഹ്മാൻ പി ടി എ വൈസ് പ്രസിഡണ്ടുമാരായ സിദ്ധിഖ് ബേക്കൽ, ബി.എ.അബ്ബാസ് എന്നിവർ നല്കുകയുണ്ടായി. പി.ടി.എ.പ്രസിഡണ്ട് മഹ്മൂദ് ബെള്ളൂരിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് വൈ. പ്രസി.അഡ്വ.സമീറ ഫൈസലാണ്  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്.സ്റ്റാഫ് സെക്രട്ടറി പി. ദീപേഷ് കുമാർ സ്വാഗതവും എസ്.ആർ.ജി.കൺവീനർ ശ്രീമതി പ്രമീള നന്ദിയും പറഞ്ഞ ചടങ്ങിൽ സമൂഹു പ്രവർത്തകനായ മാഹിൻ കുന്നിൽ, സീനിയർ അസിസ്റ്റന്റ് ഹമീദ് ബെള്ളൂർ തുടങ്ങിയവർ ആശംസകളർപ്പിക്കുകയുണ്ടായി.


Wednesday 2 May 2018

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ഞങ്ങൾ ഒപ്പമുണ്ട്.*

മൊഗ്രാൽപുത്തൂർ:   പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ജനകീയ സമ്പർക്ക പരിപാടി "ഞങ്ങൾ ഒപ്പമുണ്ട്" ജി.എച്ച്.എസ്.എസ്. മൊഗ്രാൽപുത്തൂർ പി.ടി.എ യുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. അക്കാദമിക-ഭൗതിക മേഖലകളിൽ ഹൈടെക് സജ്ജമായിരിക്കുന്ന പൊതു വിദ്യാലയത്തെക്കുറിച്ചുള്ള അവബോധം മറ്റ് സമാന്തര വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തുകയും, പൊതു വിദ്യാലയങ്ങളിലേക്ക് അത്തരക്കാരെ സ്വാഗതം ചെയ്യകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീൽ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ്കമ്പാർ, പി.ടി.എ.പ്രസിഡണ്ട് മഹ്മൂദ് ബെള്ളൂർ, പ്രധാനാധ്യാപകൻ കെ.അരവിന്ദ ,അധ്യാപകർ തുടങ്ങിയവരുൾപ്പെടുന്ന സംഘമാണ് ജനകീയ സമ്പർക്ക പരിപാടിക്ക് നേതൃത്വം നൽകിയത്.

പൊതു വിദ്യാഭ്യാസ ജനകീയ സമ്പർക്ക പരിപാടിയുടെ ഭാഗമായി ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീലിന്റെ നേതൃത്വത്തിൽ വീടുകൾ സന്ദർശിക്കുന്നു.