Friday 23 June 2017

ഭാഷാ സംഗമഭൂമിയിലെ സൗഹൃദ കൂട്ടായ്മയായ് ഇഫ്താർ

ഭാഷാ സംഗമഭൂമിയിലെ സൗഹൃദ കൂട്ടായ്മയായ് ഇഫ്താർ                                      മൊഗ്രാൽപുത്തൂർ: അവാച്യമായ നോമ്പ് തുറയുടെ അനുഭൂതിക്കായി കാത്തിരിക്കുന്ന കൂട്ടായ്മ ...നോമ്പ് നോൽക്കലിന്റെ നേരനുഭവങ്ങൾ പങ്കിടുന്ന സൗഹൃദാന്തരീക്ഷം, മഗ് രിബിന്റെ പുണ്യകാഹളം അന്തരീക്ഷത്തിൽ മുഴങ്ങിയപ്പോൾ മുന്നിൽ നിരത്തിയ നോമ്പ് തുറ വിഭവങ്ങളാൽ നോമ്പ് പകലിന് അറുതി; ... മൊഗ്രാൽപുത്തൂർ ജി.എച്ച്.എസ്.എസിൽ നടന്ന സമൂഹ നോമ്പ് തുറ ചടങ്ങിലെ വൈവിധ്യമാർന്ന വൈകാരിക മുഹൂർത്തങ്ങളിൽ ചിലതായിരുന്നു ഇവ... രുചിയൂറുന്ന വിഭവങ്ങളാലും, നോമ്പനുഷ്ഠാന സംസ്കൃത മാനസങ്ങളാലും, അളവില്ലാത്ത സൗഹൃദങ്ങളാലും സമ്പന്നമായ അർത്ഥവത്തായ ഇഫ്താർ ആയി ചടങ്ങ് മാറി. പി.ടി.എ.യുടെ അധ്യക്ഷൻ പി.ബി.അബ്ദുൾ റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.അരവിന്ദ സ്വാഗതവും, പ്രിൻസിപ്പാൾ കെ.ബാലകൃഷ്ണൻ ഉദ്ഘാടനവും, സ്റ്റാഫ് സെക്രട്ടറി പി. ദീപേഷ് കുമാർ നന്ദി പ്രകടനവും നടത്തുകയുണ്ടായി: സാമൂഹ്യ പ്രവർത്തകനായ മാഹിൻ കുന്നിൽ സീനിയർ അസിസ്റ്റന്റ് അബ്ദുൾ ഹമീദ്, അധ്യാപകരായ എം.സുരേന്ദ്രൻ, ഫസൽ, സൈദലവി,സലാം, രാജേഷ്, രഘു, ഷൗജത്ത്, സുബൈദ, റംല, നസീമ ,ശ്രീജ തുടങ്ങിയവർ സംസാരിച്ചു

Wednesday 21 June 2017

അന്താരാഷ്ട്രാ യോഗാ ദിനാചരണം

ജൂൺ 21- അന്താരാഷ്ട്രാ യോഗാ ദിനാചരണം   മൊഗ്രാൽപുത്തൂർ:   രോഗാതുരമാണ് കേരളത്തിന്റെ വർത്തമാനകാല ജീവിതം..പ്രായത്തെ കാത്തു നിൽക്കാത്ത, ക്ഷണിക്കപ്പെടാത്ത അതിഥികളായി മാരക രോഗങ്ങൾ പോലും വന്നെത്തുമ്പോൾ കുഞ്ഞുങ്ങൾ പോലും നിത്യരോഗികളായി മാറുന്നു .. അകാലവാർദ്ധക്യം ബാധിച്ച നിഷ്കളങ്കത കൾ നിത്യ കാഴ്ച്ചകളായി മാറുന്നു.ശരീരത്തിന്റെയും, മനസ്സിന്റെയും ആരോഗ്യ മില്ലായ്മയാൽ ആശങ്കാകുലമായ ഒരു സമൂഹത്തിന് മുമ്പിൽ മൃതസഞ്ജീവനിയായി യോഗ ....                                    അന്താരാഷ്ട്രാ യോഗാ ദിനാചരണത്തിന്റെ ഭാഗമായി തങ്ങളുടെ പ്രിയ കായികാധ്യാപകൻ യോഗാ പരിശീലകനായെത്തിയപ്പോൾ കൗതുകമാന സരായി ജി.എച്ച് എസ്.എസ്. മൊഗ്രാൽപുത്തൂരിലെ ആയിരക്കണക്കിനു വിദ്യാർത്ഥികൾ ... മഴ യോഗക്കായി വഴിമാറിയപ്പോൾ നിർദ്ദേശങ്ങൾ പ്രവർത്തനങ്ങളായി മാറി.. അധ്യാപകനൊപ്പം വിദ്യാർത്ഥികൾ യോഗായുടെ ബാലപാഠങ്ങളിലേക്ക് .. തുടർന്ന് വിവിധ ആസനങ്ങളും ക്രിയകളും വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി ശ്രീ.ജി.കെ.ഭട്ട് വേദിയിൽ പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കുകയുണ്ടായി..

Wednesday 14 June 2017

ഹരിത ക്യാമ്പസ്

മൊഗ്രാൽപുത്തൂർ: ഹരിത ക്യാമ്പസ് ലക്ഷ്യത്തിനായി പ്രധാനാധ്യാപകൻ മാതൃകയായി. മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലാണ് അറുപത് അധ്യാപകർക്ക് മഷിപ്പേന സമ്മാനിച്ച് പ്രധാനാധ്യാപകൻ തന്നെ നല്ല തുടക്കമിട്ടത് വിദ്യാലയത്തെ പ്ലാസ്റ്റിക്കു കൊണ്ട് നിർമിച്ച റീഫിൽ പേനകളിൽ നിന്ന് മുക്തമാക്കാൻ തീരുമാനിച്ചിരുന്നു.ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ സഹപ്രവർത്തകർക്ക് മഷിപ്പേന നൽകി പ്രധാനാധ്യാപകൻ കെ അരവിന്ദയാണ് സീനിയർ അസിസ്റ്റൻറ് കെ അബ്ദുൾ ഹമീദിന്‌ കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഇനിയുള്ള നാളുകളിൽ സ്കൂളിലെ 1500 ഓളം കുട്ടികളും മഷിപ്പേന കൊണ്ടെഴുതി പ്ലാസ്റ്റിക്കിനെതിരെയുള്ള ചരിത്രമെഴുതിച്ചേർക്കും. ഇക്കോ ക്ലബ്ബ് കൺവീനർ എം സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.

നോട്ട് പുസ്തകങ്ങൾ വിതരണം ചെയ്തു.

 
നോട്ട് പുസ്തകങ്ങൾ വിതരണം ചെയ്തു.. മൊഗ്രാൽപുത്തൂർ: വിദ്യാലയത്തിലെ സഹായം ആവശ്യമായി വരുന്ന പാവപ്പെട്ട കുട്ടികൾക്ക് അൽ ഹന്ദ് ചാരിറ്റബിൾ ട്രസ്റ്റ് കാസർഗോഡിന്റെ സഹായഹസ്തം .... വിദ്യാലയത്തിലെ 150 ഓളം വിദ്യാർത്ഥികൾക്ക് സൗജന്യമായി നോട്ട് പുസ്തകങ്ങൾ വിതരണം ചെയ്താണ് സംഘം വിദ്യാലയ കാ രുണ്യ പ്രവർത്തനത്തിന് തുടക്കം കുറിച്ചിരിക്കുന്നത് ....

Wednesday 7 June 2017

envoirnment day

മൊഗ്രാൽപുത്തൂർ: ഹരിത പെരുമാറ്റചട്ടം നടപ്പിൽ വരുത്താൻ വിവിധ കർമപദ്ധതികൾക്ക് തുടക്കമിട്ടും മഴക്കൊയ്ത്ത് ഉത്സവം നടത്തിയും മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച ഹരിത പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായി മുഴുവൻ അധ്യാപകരും മഷിപ്പേന ഉപയോഗിച്ചും പ്ലാസ്റ്റിക് വാട്ടർബോട്ടിലുകൾ ഉപേക്ഷിച്ചുമാണ് കുട്ടികൾക്കു മുമ്പാകെ മാതൃക പകരുന്നത്.ഇതിന്റെ തുടർച്ചയായി വിദ്യാലയത്തിലെ 1500 ഓളം വിദ്യാർഥികളും പ്ലാസ്റ്റിക് ബോൾ പേനയും പ്ലാസ്റ്റിക് വെള്ളക്കുപ്പികളും ഉപേക്ഷിക്കും. ഇവ കർശനമായി പാലിക്കാൻ കുട്ടികളുടെ ശുചിത്വ സേന തന്നെ രംഗത്തിറങ്ങും.                
        സ്കൂളിലെ മൂന്ന് കെട്ടിടങ്ങളുടെ മേൽക്കൂര യെ മഴക്കൊയ്ത്തുത്സവത്തിന് സജ്ജമാക്കി കിണർ റീചാർജ് ചെയ്യുന്നതിനായി കുട്ടികളുടെ നേതൃത്വത്തിൽ മേൽക്കൂരകൾ വൃത്തിയാക്കി. വൻതോതിലുള്ള മഴക്കൊയ്ത്തിലൂടെ സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചത്ത് കുന്നിലെയും പരിസരങ്ങളിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. സ്കൂളിലെ ഗ്രീൻ ബെൽറ്റിൽ നൂറും പഞ്ചത്തുകുന്നിൽ ഇരുന്നൂറും വൃക്ഷത്തൈകൾ നടും.            ഹരിത ക്യാമ്പസ് പദ്ധതിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ കെ അരവിന്ദ   നിർവഹിച്ചു.എം സുരേന്ദ്രൻ, സി വി സുബൈദ, സെയ്ദലവി, പി ദീപേഷ് കുമാർ എന്നിവർ സംസാരിച്ചു.  

പ്രവേശനോത്സവം 2017-18

 
 നവാതിഥികൾക്ക് വിസ്മയത്തിന്റെയും, ആഹ്ലാദത്തിന്റെയും വർണ്ണമുഹൂർത്തങ്ങൾ സമ്മാനിച്ച ആദ്യ ദിനം.... പ്രവേശന ഗാനത്തിന്റെ അകമ്പടിയോടെ വർണ്ണ ബലൂണുകൾ വാനിലേക്കുയർത്തി, വർണ്ണത്തൊപ്പിയും ധരിപ്പിച്ച് ആഘോഷത്തോടു കൂടിയാണ് കുരുന്നുകളെ രക്ഷിതാക്കളും, നാട്ടുകാരും അധ്യാപകരുമെല്ലാം ചേർന്ന് ക്ലാസിലേക്കാനയിച്ചത് .. അക്ഷരത്തിന്റെ മധുരം നുകരാനെത്തിയ കുരുന്നുകൾക്ക് പഠനോപകരണങ്ങൾ സൗജന്യമായി നല്കിയ വിവിധ ക്ലബ്ബുകൾ, KE SWA എന്ന സന്നദ്ധ സംഘടന, കേരളാ ഗ്രാമീൺ ബാങ്ക് മൊഗ്രാൽപുത്തൂർ, നടF മൊഗ്രാൽപുത്തൂർ യൂനിറ്റ് തുടങ്ങിയവയുടെയെല്ലാം പ്രതിനിധികൾ, കുട്ടികളെ കാണുന്നതിനും ആനയിക്കുന്നതിനും എത്തിയിട്ടുണ്ടായിരുന്നു. പാട്ടുകളും കഥകളും പാടിയും പറഞ്ഞും കണ്ടും കേട്ടും തങ്ങളുടെ ആദ്യ ദിനം കുരുന്നുകൾ അവിസ്മരണീയമാക്കി