Tuesday, 31 January 2017

കുടുംബ കൃഷി പുരസ്കാരം

മൊഗ്രാൽപുത്തൂർ: മണ്ണിനെ പൊന്നാക്കാൻ വീട്ടുകാർക്കൊപ്പം ചേർന്നു നിന്ന വിദ്യാർഥിനിക്ക് കുടുംബ കൃഷി പുരസ്കാരം .മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഇക്കോ ക്ലബ്ബാണ് കാർഷിക മികവ് പുലർത്തുന്ന കുട്ടിക്ക്അംഗീകാരം നൽകി വേറിട്ട മാതൃക പകർന്നത്. ആറാംതരത്തിലെ അലീമത്ത് നാഷിയ പുരസ്കാരത്തിനർഹയായി. സർവശിക്ഷാ അഭിയാൻ ജില്ലാ പ്രോജക്ട് ഓഫീസർ കെ രവിവർമൻ അവാർഡ് സമർപ്പണം നിർവഹിച്ചു.    ചൗക്കി നീർച്ചാലിലെ കാസിം - സുബൈദ ദമ്പതികളുടെ മകളായ നാഷിയ രക്ഷിതാക്കൾക്കൊപ്പം വെണ്ട, വഴുതിന, ചീര, മത്തൻ, വെള്ളരി, ചേന, വാഴ എന്നിവയുടെയും ആട്‌, കോഴി, പശു കൃഷിയും നല്ല നിലയിൽ നടത്തിവരുന്നു. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പച്ചക്കറിവിത്തു നൽകിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. കുട്ടികളിൽ നിന്ന് അവർ ചെയ്ത വിളവുകൾ പരിശോധിക്കാൻ അധ്യാപകരായ എം സുരേന്ദ്രൻ, ടി എം രാജേഷ്, സി വി സുബൈദ, എം മനോജ് കുമാർ എന്നിവരടങ്ങിയ സമിതി വീടുകളിലെത്തി.  അവാർഡ് സമർപ്പണ ചടങ്ങിൽ പ്രധാനാധ്യാപകൻ കെ അരവിന്ദ അധ്യക്ഷനായിരുന്നു.ബി ആർ സി ട്രെയിനർ പി വേണുഗോപാലൻ, മാഹിൻ കുന്നിൽ ,എം സുരേന്ദ്രൻ, ടി എം രാജേഷ് എന്നിവർ സംസാരിച്ചു.


Friday, 27 January 2017

പൊതു വിദ്യാലയ സംരക്ഷണ യജ്ഞം

മൊഗ്രാൽപുത്തൂർ: ധനികനെന്നോ, ദരിദ്രനെന്നോ ഭേദമില്ലാതെ ഒരു നാടിന്റെ ബാല്യകൗമാരങ്ങൾക്ക് അറിവിന്റെ മധുരം പകർന്ന സ്വന്തം വിദ്യാലയത്തിന്റെ സംരക്ഷണ യജ്ഞത്തിൽ പൊതു സമൂഹം ഒഴുകിയെത്തിയത് നിറഞ്ഞ മനസ്സോടെ ... മാനവികതയുടെ കരുത്തായി, മൊഗ്രാൽപുത്തൂരിൽ മതേതരത്വത്തിന്റെ പൊതുമണ്ഡലമായി ജ്വലിച്ചു നിൽക്കുന്ന ജി.എച്ച്.എസ്.എസിന്റെ സംരക്ഷണ യജ്ഞത്തിൽ ഒരേ മനസ്സോടെ എത്തിച്ചേർന്നത് രക്ഷിതാക്കളും, സന്നദ്ധ പ്രവർത്തകരും നാട്ടുകാരുമായി 400 ലധികം പേർ.. തലമുറകൾക്ക് വിദ്യയുടെയും വിനോദത്തിന്റെയും സ്രോതസ്സായി മാറിയ തങ്ങളുടെ വിദ്യാലയത്തെ ജൈവ വൈവിധ്യതയുടെ തണലും തണുപ്പും നൽകി പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ഒരേ മനസ്സോടെയാണ് അവർ പ്രഖ്യാപിച്ചത്. മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഏ.ഏജലീൽ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഏക കണ്ഠമായാണ് പൊതുസമൂഹം ഏറ്റുചൊല്ലിയത്. സംരക്ഷണ യജ്ഞo സംഘാടക സമിതി കൺവീനർ ശ്രീ' മാഹിൻ കുന്നിൽ ,ചെയർമാൻ മുജീബ് കമ്പാർ, പി.ടി.എ.പ്രസിഡണ്ട്പി.ബി.അബ്ദുൾ റഹ്മാൻ ', മദർ പി.ടി.എ.പ്രസിഡണ്ട് ഷബാനാ 'വിവിധ ക്ലബ്ബുകളുടെ ഭാരവാഹികൾ, പൗരപ്രമുഖർ തുടങ്ങിയവർ നേതൃത്വം നൽകി


അശരണരുടെ അന്നദാനത്തിനായി ഒരു പിടി അരി

 മൊഗ്രാൽപുത്തൂർ: പിറന്ന നാടിന്റെ റിപ്പബ്ലിക് ദിനം കേവലം ആഘോഷിക്കാൻ മാത്രമുള്ള ഒരു ദിനം അല്ല മൊഗ്രാൽപുത്തൂരിലെ വിദ്യാർത്ഥികൾക്ക് ... അന്നം അമൃതമായി കാണുന്ന അശരണർക്കായി ഒരു ഭക്ഷണ പദ്ധതിയുടെ തുടക്കം കുറിക്കുന്ന ദിനം കൂടിയാണ്.- .ജി.എച്ച്.എസ്.എസിലെ നല്ല പാഠം ക്ലബ്ബിലെ കൂട്ടുകാരാണ് ഉദാത്തമായ ഒരു പ്രവർത്തന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കാസർഗോഡ് ജനറൽ ആശുപത്രിയിലെ പാവപ്പെട്ട അന്തേവാസികൾക്ക് ഒരു നേരത്തെ ഭക്ഷണം ആദ്യഘട്ടമായി നൽകാനാണ് ഉദ്ദേശിക്കുന്നത്.ഇതിനാവശ്യമായ മുഴുവൻ അരിയും സാധനങ്ങളും 'ഒരുപിടി അരി' പദ്ധതിയിലൂടെ വിദ്യാർത്ഥികൾ തന്നെ ശേഖരിക്കും. നല്ല പാഠം ക്ലബ്ബിന്റെ കൺവീനർമാരായ ശ്രീമതി സി.വി.സുബൈദ, എം.എൻ.രാഘവ ,ഹെഡ്മാസ്റ്റർ ശ്രീ.കെ.അരവിന്ദ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി വരുന്നു

Saturday, 21 January 2017

സി.പി.ടി.എ.യോഗം

 ജി.എച്ച് എസ്.എസ്. മൊഗ്രാൽപുത്തൂർ യു.പി.വിഭാഗം സി.പി.ടി.എ.യോഗം 19.0 1.2017 വ്യാഴാഴ്ച്ച 2 മണിക്ക് നടന്നു. ഏകദേശം 30 ലധികം രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.ജനുവരി 27 ന്റെ വിദ്യാലയ സംരക്ഷണ ശൃംഖല വിജയിപ്പിക്കുന്നതിനും, മറ്റ് അക്കാദമിക പ്രവർത്തനങ്ങളെക്കുറിച്ചും നിരവധി നിർദ്ദേശങ്ങൾ ഉണ്ടായി. വിദ്യാലയത്തിന്റെ പൊതു കാര്യങ്ങളെക്കുറിച്ച് ഹെഡ്മാസ്റ്റർ ശ്രീ.കെ.അരവിന്ദയും പഠന നിലവാരത്തെക്കുറിച്ച് മറ്റ് അധ്യാപകരും രക്ഷിതാക്കളുമായി സംവദിച്ചു
 

Saturday, 14 January 2017

കെട്ടിടങ്ങൾ ഉദ്ഘാടനം

മൊഗ്രാൽപുത്തൂരിന്റെ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രമായ ജി.എച്ച്.എസ് എസ് മൊഗ്രാൽപുത്തൂരിന്റെ ഭൗതിക മേഖലയിൽ ശ്രദ്ധേയമായ കൂട്ടിച്ചേർക്കലുമായി പുതിയ രണ്ട് കെട്ടിടങ്ങൾ കൂടി ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു.കാസർഗോഡിന്റെ ജനകീയ എം.എൽ.എ.ശ്രീ എൻ.എ നെല്ലിക്കുന്നാണ്, പ്രഭാകരൻ കമ്മീഷനിലുൾപ്പെടുത്തി നിർമ്മിച്ച സ്റ്റേജ് -കം-ക്ലാസ് റൂമിന്റെയും, SSA യുടെ ക്ലാസ് മുറിയുടെയും ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചത്: ജില്ലാ പഞ്ചായത്തിന്റെ സാരഥി ശ്രീ.ഏ.ജി.സി.ബഷീർ അധ്യക്ഷനായിരുന്നു. കെട്ടിട നിർമ്മാണം സ്തുത്യർഹമായ രീതിയിൽ നിർവ്വഹിച്ച കോൺട്രാക്ടർ ശ്രീ.അബ്ദുൾ റഹ്മാൻ സി, കലോത്സവ സബ് ജില്ലാ ഭാരവാഹികൾ, വിദ്യാരംഗം സബ് ജില്ലാ വിജയികൾ ,അധ്യാപക മേളയിലെ സംസ്ഥാന ഷോട്ട്പുട്ട് ജേതാവ് ശ്രീ മനോജ് തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പാൾ ശ്രീ.കെ.ബാലകൃഷ്ണൻ, ഹെഡ്മാസ്റ്റർ ശ്രീ.കെ.അരവിന്ദ, പി.ടി.എ.പ്രസിഡണ്ട് ശ്രീ.പി.ബി.അബ്ദുൾ റഹ്മാൻ, സീനിയർ അസിസ്റ്റന്റ് ശ്രീ.കെ.അബ്ദുൾ ഹമീദ് മാസ്റ്റർ,തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു