Saturday, 21 October 2017

കാസറഗോഡ് ഉപജില്ലാ ശാസ്ത്രോത്സവം;ഉത്സവ പ്രതീതിയില്‍ മൊഗ്രാല്‍ പുത്തൂര്‍..



കാസര്‍കോട് ഉപജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തെ വരവേല്‍ക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് ജി എച്ച് എസ്‌ എസ്‌ മൊഗ്രാല്‍ പുത്തൂര്‍. കാസര്‍കോട് ഉപജില്ലയിലെ എല്‍. പി. മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുളള നൂറിലധികം സ്കൂളുകളില്‍ നിന്നായി രണ്ടായിരത്തിലധികം ശാസ്ത്ര പ്രവൃത്തി പരിചയ പ്രതിഭകള്‍ മാറ്റുരക്കുന്ന ശാസ്ത്ര ഉത്സവം ഒക്ടോബര്‍ 23, 24 തീയ്യതികളിലായി മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍ സെക്കണ്ടറിയില്‍ വെച്ച് നടത്തപ്പെടുന്നു.

സാമൂഹ്യ ശാസ്ത്ര മേള, പ്രവൃത്തി പരിചയ മേള, ശാസ്ത്ര മേള, ഗണിത ശാസ്ത്ര മേള, ഐ.ടി മേള എന്നിങ്ങനെ വൈവിധ്യങ്ങളായ പരിപാടികള്‍ ശാസ്ത്രോത്സവത്തില്‍ അരങ്ങേറും. കുട്ടി ശാസ്ത്രജ്ഞന്‍മാര്‍  അവരുടെ കഴിവ് തെളിയിക്കാന്‍ മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍ സെക്കണ്ടറി കലാലയ മുറ്റത്തെത്തുമ്പോള്‍ ഇതൊരു വന്‍ വിജയമാക്കിത്തീര്‍ക്കാന്‍ പഞ്ചായത്ത് ഭരണസാരഥികള്‍, നാട്ടിലെ സാമൂഹിക, സാംസ്കാരിക, കലാ കായിക, ആരോഗ്യ, വിദ്യഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, കച്ചവട മേഖലയിലുളളവര്‍, നാട്ടിലെ സുമനസ്സുകള്‍ എല്ലാവരുടെയും മുന്നൊരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു.

മൊഗ്രാല്‍പുത്തൂരിന്‍റെ അക്ഷര കേന്ദ്രമായ GHSS നെ എല്ലാ അര്‍ത്ഥത്തിലും സ്മാര്‍ട്ടാക്കിയെടുക്കുന്നതിനുളള നല്ല കൂട്ടായ്മയില്‍ പങ്കാളികളായ സുമനസ്സുകള്‍ നാടിന്‍റെ ആദരവേറ്റുവാങ്ങുന്ന ചടങ്ങിനു കൂടി ശാസ്ത്രോത്സവം  വേദിയാവുന്നു.

വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തില്‍ മികവിന്‍റെ കേന്ദ്രമാക്കി മാറ്റിയെടുക്കുന്നതിന്‍റെ ഭാഗമായി ഹൈടെക്ക് ക്ലാസ്സ് റൂം പദ്ധതിക്കായി വിദ്യാലയ വികസന സമിതിക്കൊപ്പം കൈകോര്‍ത്ത വ്യക്തികള്‍ക്കും , സ്ഥാപനങ്ങള്‍ക്കും , കൂട്ടായ്മയ്ക്കുമുളള സ്നേഹോപഹാരം വേദിയില്‍ വെച്ച് നടത്തപ്പെടും ,  18 വര്‍ഷങ്ങള്‍ക്കിപ്പുറം വിരുന്നെത്തുന്ന മഹാമേളയെ ഉത്സവമാക്കിത്തീ ര്‍ക്കാന്‍
മൊഗ്രാല്‍പുത്തൂര്‍ ഒരുങ്ങിക്കഴിഞ്ഞു.






0 comments:

Post a Comment