പെയ്യട്ടെ മഴ പെയ്യട്ടെ എന്ന മഴപ്പാട്ടുമായി കാത്തിരിക്കുകയാണ് ഇവിടത്തെ കുട്ടികൾ. തുള്ളിക്കൊരു കുടമെന്ന പോൽ തിരിമുറിയാതെ മഴ പെയ്യട്ടെ എന്നാണ് മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളുടെ ആഗ്രഹം. കാരണം മഴവെള്ളക്കൊയ്ത്തിന് ഇക്കുറി ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്......
മൂന്ന് കോൺക്രീറ്റ് കെട്ടിടങ്ങളുടെ ടെറസുകളിൽ പെയ്യുന്ന മഴയത്രയും വിദ്യാലയത്തിലെ 15 മീറ്റർ ആഴമുള്ള കിണറിലേക്ക് ഇറക്കി റീചാർജ് ചെയ്യുകയാണ് ഇവിടത്തെ വിദ്യാർഥികൾ .വാർഷിക വർഷപാതം ശരാശരി 300 സെന്റിമീറ്റർ ഇത്തവണയും പെയ്തിറങ്ങുകയാണെങ്കിത് 4464000 ലിറ്റർ മഴവെള്ളം കിട്ടുമത്രെ ഈ ടെറസുവഴി. ഗുണിച്ചും ഹരിച്ചും കൂട്ടിയുമൊക്കെ കുട്ടികൾ കണ്ടെത്തിയതാണ് ഈ വെള്ളക്കണക്ക്.ഒരു ദിവസം 15 ലിറ്റർ ആളോഹരി വെള്ളം പകുത്തു നൽകിയാൽ 297600 പേർക്ക് ഈ വെള്ളം ഉപയോഗിക്കാനാകും.ഡി സമ്പർ മാസത്തോടെ വരൾച്ച അനുഭവപ്പെടുന്ന കുന്നിൻ മുകളിലുള്ള സ്കൂളിലെയും പരിസരത്തെ വീടുകളിലെയും കിണറുകളിലും കുഴൽകിണറുകളിലും ഈ സംരംഭം ഗുണപ്രദമാകുമെന്ന പ്രതീക്ഷയാണുള്ളത്. യാതൊരു സർക്കാർ ഏജൻസിയുടെയും സഹായമില്ലാതെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ലഭിച്ച അവാർഡ് തുക കൊണ്ടാണ് മഴവെള്ളം കൊയ്യാനുള്ള പൈപ്പുകളും ശുദ്ധീകരണ ടാങ്കുകളും ശുദ്ധീകരണ സാധനങ്ങളും വാങ്ങിയത്. വരും വർഷ ങ്ങളിൽ കൂടുതൽ ടെറസുകളെ മഴ വെള്ളക്കൊയ്ത്തു കേന്ദ്രങ്ങളാക്കി ഈ മഹത് സംരംഭത്തിലൂടെ സമൂഹത്തിനാകെ മാതൃകയുടെ തെളിനീര് പകരാനാകുമെന്ന പ്രതീക്ഷയിലാണ് നിരവധി പരിസ്ഥിതി സംരക്ഷണ അംഗീകാരങ്ങൾ വാരിക്കൂട്ടിയ മൊഗ്രാൽപുത്തൂരിലെ വിദ്യാർഥികൾ .....പ്രധാനാധ്യാപകൻ കെ.അരവിന്ദ ,പ്രിൻസിപ്പൽ ഇൻചാർജ് കെ.ബാലകൃഷ്ണൻ, ടി.എം.രാജേഷ്, എം.സുരേന്ദ്രൻ, സി.എച്ച്.നവീൻകുമാർ, പി.അശോകൻ, സി.രാമകൃഷ്ണൻ, കെ.രഘു, പി.വേണുഗോപാലൻ എന്നിവർ സംസാരിച്ചു...... ഫോട്ടോ: മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ മഴവെള്ളക്കൊയ്ത്തു കേന്ദ്രം
0 comments:
Post a Comment