Wednesday 17 August 2016

മണ്ണിനെ പൊന്നാക്കാൻ

മൊഗ്രാൽപുത്തൂർ: മണ്ണിനെ പൊന്നാക്കാൻ കഠിനാധ്വാനം ചെയ്ത് രോഗശയ്യയിലായ കർഷകനെ ആദരിച്ച് വിദ്യാർഥികൾ .മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളാണ് പ്രദേശത്തെ പ്രമുഖ കർഷകനായ ബി.എ.മുഹമ്മദിനെ വീട്ടിലെത്തി ആദരിച്ച് കൈത്താങ്ങു പകർന്നത്...... 

പത്തു വർഷം മുമ്പെ മൊഗ്രാൽപുത്തൂർ എടച്ചേരി ഗ്രാമത്തിലൂടെ കാർഷിക ഉൽപ്പന്നങ്ങൾ തലയിലേന്തി നടന്നു പോകുമ്പോൾ മരപ്പാലം തകർന്നു വീണ് മുഹമ്മദിന് ഗുരുതരമായി പരിക്കേറ്റിരുന്നു. രണ്ടു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ് പരിക്ക് ഭേദമായപ്പോൾ കാർഷിക വൃത്തിയിൽ വീണ്ടും സക്രിയമായി. പച്ചക്കറികൃഷിയിൽ പാരമ്പര്യമായി കിട്ടിയ നാട്ടറിവുകൾ കോർത്തിണക്കി നൂറുമേനി കൊയ്തു .കുടുംബമൊന്നാകെ കൃഷിയിൽ കൈകോർത്തു നിന്നു. മാപ്പിള കലാ രംഗത്തെ അറിയപ്പെടുന്ന കലാകാരൻ കൂടിയായ മുഹമ്മദ് സബീനപ്പാട്ട്, മാലപ്പാട്ട്, മക്കാനിപ്പാട്ട്, കത്തുപാട്ട് എന്നിവയടക്കം ഇരുന്നൂറോളം പാട്ടുകൾ ഹൃദിസ്ഥമാക്കിയിട്ടുണ്ട്. മുമ്പ് പറ്റിയ പരിക്കിനെ തുടർന്ന് ഇപ്പോൾ ഒന്നര മാസമായി എഴുന്നേറ്റ് നടക്കാൻ പറ്റാതെ കിടപ്പിലാണ് ഈ കർഷകൻ. ഇത്തവണ കൃഷിയിറക്കാൻ സാധിക്കാത്ത സ്ഥിതിയിലുമാണ്. കാർഷിക നാട്ടറിവുകൾ കുട്ടികൾക്ക് പകർന്നും ഇശലിന്റെ കെട്ടഴിച്ചും വാചാലനായി ആദരവേദിയിൽ അറുപതുകാരൻ. ഇപ്പോഴുള്ള കടഭാരം കൂടിയായാലും കൃഷിയെ കൈവിടില്ലെന്ന ദൃഢനിശ്ചയത്തിലാണ് മുഹമ്മദ്..... ക്ലാസുകൾ തുടങ്ങുംമുമ്പെ രാ വി ലെ എട്ടു മണിയോടെ കർഷകന്റെ വീട്ടിൽ വെച്ചായിരുന്നു ആദരിക്കൽ.പ്രധാനാധ്യാപകൻ കെ.അരവിന്ദ ആദരിച്ചു.കെ.അബ്ദുൾ ഹമീദ് അധ്യക്ഷനായി. സാമൂഹ്യ പ്രവർത്തക കെ.രാജീവി, ടി.എം.രാജേഷ്, എം.സുരേന്ദ്രൻ.സി.വി.സുബൈദ, പി.വേണുഗോപാലൻ എന്നിവർ സംസാരിച്ചു.സ്കൂളിൽ നൂറിലധികം കാർഷികോൽപ്പന്നങ്ങളുടെ പ്രദർശനം, കാർഷിക ക്വിസ് എന്നിവയും നടന്നു.... ഫോട്ടോ: മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന കർഷക ദിനാചരണത്തിൽ കർഷകനായ ബി.എ.മുഹമ്മദിനെ പ്രധാനാധ്യാപകൻ കെ.അരവിന്ദ ആദരിക്കുന്നു.

0 comments:

Post a Comment