Monday 28 August 2017

വികസന സെമിനാര്‍ II stage

അക്ഷരങ്ങളുടെ പുണ്യം പകര്‍ന്നു നല്‍കിയ വിദ്യാലയത്തിരുമുറ്റത്ത് പൂര്‍വ വിദ്യാര്‍ത്ഥികള്‍ കൂട്ടമായെത്തി രണ്ടാം ഘട്ട വികസന സെമിനാറിന് കൊടി പാറിച്ചപ്പോള്‍ സംഭവിച്ചത് വിസ്മയ മുഹൂര്‍ത്തം. മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂളിലേയും ഹയര്‍ സെക്കന്‍ഡറിയിലേയും ക്ലാസ് മുറികള്‍ പൂര്‍വ വിദ്യാര്‍ത്ഥികളുടേയും നാട്ടുകാരുടേയും കൂട്ടായ്മയില്‍ ഇനി സ്മാര്‍ട്ടാകും.

 പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയും റീഡ് എഡ്യൂക്കേഷന്‍ സൊസൈറ്റിയും കൈകോര്‍ത്ത് സംഘടിപ്പിച്ച സെമിനാര്‍ വേദിയില്‍ ക്ലാസ് മുറികള്‍ സ്‌പോണ്‍സര്‍ ചെയ്യാനുള്ള മത്സര വേദി കൂടിയായി മാറി.  ഓരോ ക്ലാസിന്റെയും ഡിജിറ്റലൈസേഷന്റെ മുന്നൊരുക്കത്തിന് നിശ്ചയിക്കപ്പെട്ടിരിക്കുന്ന തുക 60,000 രൂപ വീതമാണ്. ഇത്തരത്തില്‍ 24 ക്ലാസ് മുറികളും സ്‌പോണ്‍സര്‍ ചെയ്യാന്‍ വ്യക്തികളും വിവിധ ബാച്ച് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയും സന്നദ്ധ സംഘടനകളുമൊക്കെ രംഗത്തുവന്നു.

വികസന സെമിനാര്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ മുഖ്യാതിഥിയായി. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍ സ്വാഗതവും മുജീബ് സി എച്ച് വിഷയാവതരണവും നടത്തി. പൂര്‍വ വിദ്യാര്‍ത്ഥി സംഘടന കണ്‍വീനര്‍ മാഹിന്‍ കുന്നില്‍, ഹെഡ്മാസ്റ്റര്‍ കെ അരവിന്ദ, പി ടി എ പ്രസിഡന്റ് പി ബി അബ്ദുര്‍ റഹ് മാന്‍, പി ടി എ വൈസ് പ്രസിഡന്റ് മഹ് മൂദ് ബെള്ളൂര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ സി കെ രാധാകൃഷ്ണന്‍ നന്ദി പറഞ്ഞു. സെപ്തംബര്‍ ആദ്യവാരത്തില്‍ തന്നെ ക്ലാസ് മുറികളുടെ നവീകരണ പ്രവൃത്തി ആരംഭിക്കും.




Wednesday 23 August 2017

അറബിക് അസംബ്ലി

വിദ്യാലയ അസംബ്ലി പൂർണ്ണമായും അറബി ഭാഷയുടെ മന്ത്ര മധുര ധ്വനികളിൽമുഴങ്ങിയപ്പോൾ വിദ്യാർത്ഥികളിൽ അത്ഭുതവും ആദരവും - .. ഇന്ന്  വിദ്യാലയത്തിൽ നടന്നഅറബിക് അസംബ്ലിയാണ്  അസംബ്ലിയുടെ ചരിത്രത്തിലെ പുതിയ അധ്യായമായി മാറിയത്.. ഇംഗ്ലീഷ്, ഹിന്ദി, ഭാഷാ അസംബ്ലികളുടെ തുടർച്ചയായാണ് അറബിക് അസംബ്ലിയും നടന്നത്

Thursday 17 August 2017

പഠനത്തോടൊപ്പം കൂൺകൃഷിയും

പഠനത്തോടൊപ്പം കൂൺകൃഷിയും അതോടൊപ്പം സമ്പാദ്യവും കണ്ടെത്തുകയാണ് മൊഗ്രാൽപുത്തൂർ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ. കൂൺകൃഷിയിലൂടെ പോഷക സമ്യദ്ധമായ കൂണുകൾ ഉത്പാദിപ്പിച്ച് മാതൃകയായിരിക്കുകയാണ് പരിസ്ഥിഥി ക്ലബിലെ കുട്ടികൾ. കൂൺകൃഷിയുടെ ആദ്യ വിളവെടുപ്പ് ബഹു: ഹെഡ്മാസ്റ്റർ കെ.അരവിന്ദ നിർവഹിക്കുകയുണ്ടായി..പഠനത്തോടൊപ്പം സമ്പാദ്യം എന്ന പദ്ധതിയിലുൾപ്പെടുത്തിയ ഈ കൃഷിയിലൂടെ ലഭിക്കുന്ന കൂണുകൾക്ക് ആവശ്യക്കാർ ഏറിവരികയാണ്.കാസർഗോഡ് സി.പി.സി.ആർ.ഐയിലെ കൃഷി വിഞ്ജാന കേന്ദ്രത്തിലെ ഗവേഷകനായ സനൽ, റിസോർസ് പേർസണായ പണ്ഡുരംഗ എന്നിവരും സ്കൂൾ അധ്യാപകനായ എം.എൻ രാഘവയുമാണ് ഇതിന് നേതൃത്വം നൽകുന്നത് .ആദ്യ വിളവെടുപ്പ് സീനിയർ അധ്യാപകനായ കെ.അബ്ദുൾ ഹമീദ് ഏറ്റുവാങ്ങി.കൂൺകൃഷി രീതിയെക്കുറിച്ച് ക്ലാസും  നടത്തുകയുണ്ടായി.എം.സുരേന്ദ്രൻ, സി.വി.സുബൈദ, വിനോദ് കല്ലത്ത് എന്നിവർ സംസാരിച്ചു. കൃഷി കൂടുതൽ വിപുലപ്പെടുത്താനൊരുങ്ങുകയാണ് അധ്യാപകരും കുട്ടികളും

Wednesday 16 August 2017

*ദേശസ്നേഹത്തിന്‍ അലകളുയര്‍ത്തി സ്വാതന്ത്ര്യദിനാഘോഷം*


മൊഗ്രാല്‍പുത്തൂര്‍:‍ വിണ്ണില്‍ ത്രിവര്‍ണ്ണപതാക പറന്നുയര്‍ന്നപ്പോള്‍  മണ്ണിലെ  മനസ്സുകളില്‍  ദേശസ്നേഹത്തിന്‍ അലകളുയര്‍ത്തി രാജ്യത്തിന്‍റെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനാഘോഷം നടന്നു.. 

സ്വാതന്ത്ര്യം  എന്ന ഒറ്റ ലക്ഷ്യം മാത്രം മുന്നില്‍ക്കണ്ട് നമ്മുടെ മുന്‍ഗാമികള്‍ രക്തവും  ജീവനും നല്‍കി പോരാട്ടത്തിലൂടെ രാജ്യത്തിന് നേടിത്തന്ന സ്വാതന്ത്ര്യത്തിന്‍റെ  വാര്‍ഷികാഘോഷം ചരിത്രങ്ങളിലൂടെയുളള സഞ്ചാരത്തിനും മാതൃഭൂമിയോടുളള സ്നേഹപ്രകടനത്തിനും വഴിയൊരുക്കുന്നതായി.

രാവിലെ നടന്ന അസംബ്ളിയില്‍ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ബഹുമാന്യനായ പഞ്ചായത്ത് പ്രസിഡന്‍റ് എ.എ.ജലീല്‍ പതാക ഉയര്‍ത്തി.ഹയര്‍സെക്കന്‍ററി പ്രിന്‍സിപ്പാള്‍ രാധാകൃഷ്ണന്‍ സാര്‍, ഹെഡ്മാസ്റ്റര്‍ കെ.അരവിന്ദ,പി.ടി.എ പ്രസിഡന്‍റ് അബ്ദുറഹ്മാന്‍, വൈസ്പ്രസിഡന്‍റ് മഹ്മൂദ് ബളളൂര്‍, സ്റ്റാഫ് സെക്രട്ടറി ദീപേഷ്കുമാര്‍ തുടങ്ങിയവര്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കി.‍ തുടര്‍ന്ന് നടന്ന ജെ.ആര്‍.സി.പരേഡില്‍  സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാര്‍ മുജീബ് കമ്പാര്‍ സല്യൂട്ട് സ്വീകരിച്ചു.
അകാലത്തില്‍ പൊലിഞ്ഞുപോയ ഹിന്ദി അധ്യാപിക ചന്ദ്രികടീച്ചറുടെ പേരിലുളള എന്‍ഡോവ്മെന്‍റ് വിതരണവും നടന്നു.
ബഹുവര്‍ണ്ണദണ്ഡുകളേന്തി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഡിസ്പ്ലേ ആഘോഷപരിപാടികള്‍ക്ക് മാറ്റുകൂട്ടി.
തുടര്‍ന്ന്, വന്ദേമാതരത്തിന്‍റെ അകമ്പടിയോടെ കുട്ടികള്‍  ദേശീയപതാകയിലെ വര്‍ണ്ണങ്ങളേന്തി ചൂവടുവെച്ചുകൊണ്ടുളള സംഗീതശില്പം, സ്വാതന്ത്ര്യസമരചരിത്രസംഭവങ്ങളെ കോര്‍ത്തിണക്കിയ ചിത്രീകരണം,  സ്കിറ്റ് , ദേശഭക്തിഗാനം, പ്രസംഗം തുടങ്ങി കുട്ടികള്‍ അവതരിപ്പിച്ച വിവിധകലാപരിപാടികള്‍ അരങ്ങേറി.
മുഴുവന്‍ കുട്ടികള്‍ക്കും പായസവിതരണവും നടത്തി.സുബൈദ.സി.വി, രാജന്‍ കോട്ടപ്പുറം, മനോജ്, സവിത, രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Wednesday 9 August 2017

യുദ്ധത്തിന്‍റെ ദുരിതങ്ങളുടെ ഒാര്‍മ്മപ്പെടുത്തലുകളുമായി ഹിരോഷിമ-നാഗസാക്കി ദിനാചരണം*


യുദ്ധത്തിന്‍റെ ദുരിതങ്ങളുടെ ഒാര്‍മ്മപ്പെടുത്തലുകളുമായി ഹിരോഷിമ-നാഗസാക്കി ദിനാചരണം*
മൊഗ്രാല്‍പുത്തൂര്‍: യുദ്ധം ലോകത്തിന് നല്‍കിയ ദുരിതങ്ങളുടെ ഒാര്‍മ്മപ്പെടുത്തലുകളുമായി GHSS മൊഗ്രാല്‍പുത്തൂരില്‍ ഹിരോഷിമ-നാഗസാക്കി ദിനാചരണം നടന്നു. സയന്‍സ്-സോഷ്യല്‍സയന്‍സ് ക്ളബ്ബുകളുടെ സംയുക്താഭിമുഖ്യത്തില്‍ വിവിധപരിപാടികള്‍ സംഘടിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച്  നടന്ന പ്രത്യേക അസംബ്ളിയില്‍ ഹെഡ്മാസ്റ്റര്‍ കെ.അരവിന്ദ സമാധാനത്തിന്‍റെ പ്രതീകമായ വെളളരിപ്രാവിനെ പറത്തുകയും യുദ്ധവിരുദ്ധസന്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്നു നടന്ന പ്രസംഗത്തില്‍ യുദ്ധത്തിന്‍റെ  കെടുതികള്‍ വിശദീകരിക്കപ്പെട്ടു. കുട്ടികള്‍ സഡാക്കോ കൊക്കുകള്‍ ഉണ്ടാക്കി. യു.പി, ഹൈസ്ക്കൂള്‍ കുട്ടികള്‍ പങ്കെടുത്ത യുദ്ധവിരുദ്ധസൈക്കിള്‍ റാലി നടത്തി. സ്ക്കൂളില്‍ നിന്ന് ആരംഭിച്ച റാലി സീനിയര്‍ അസിസ്റ്റന്‍റ് ഹമീദ് മാസ്റ്റര്‍ ഫ്ളാഗ് ഒാഫ് ചെയ്തു. കുന്നില്‍ വഴി  മൊഗ്രാല്‍പുത്തൂരെത്തിയ റാലി യുദ്ധവിരുദ്ധസന്ദേശം നല്‍കി തിരികെയെത്തി. വിനോദ് കുമാര്‍,, രാജന്‍ കോട്ടപ്പുറം, G.K.ഭട്ട് സാര്‍, സൈദലവി എന്നിവര്‍ റാലിയെ അനുഗമിച്ചു.