Saturday, 21 October 2017

കാസറഗോഡ് ഉപജില്ലാ ശാസ്ത്രോത്സവം;ഉത്സവ പ്രതീതിയില്‍ മൊഗ്രാല്‍ പുത്തൂര്‍..



കാസര്‍കോട് ഉപജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തെ വരവേല്‍ക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് ജി എച്ച് എസ്‌ എസ്‌ മൊഗ്രാല്‍ പുത്തൂര്‍. കാസര്‍കോട് ഉപജില്ലയിലെ എല്‍. പി. മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുളള നൂറിലധികം സ്കൂളുകളില്‍ നിന്നായി രണ്ടായിരത്തിലധികം ശാസ്ത്ര പ്രവൃത്തി പരിചയ പ്രതിഭകള്‍ മാറ്റുരക്കുന്ന ശാസ്ത്ര ഉത്സവം ഒക്ടോബര്‍ 23, 24 തീയ്യതികളിലായി മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍ സെക്കണ്ടറിയില്‍ വെച്ച് നടത്തപ്പെടുന്നു.

സാമൂഹ്യ ശാസ്ത്ര മേള, പ്രവൃത്തി പരിചയ മേള, ശാസ്ത്ര മേള, ഗണിത ശാസ്ത്ര മേള, ഐ.ടി മേള എന്നിങ്ങനെ വൈവിധ്യങ്ങളായ പരിപാടികള്‍ ശാസ്ത്രോത്സവത്തില്‍ അരങ്ങേറും. കുട്ടി ശാസ്ത്രജ്ഞന്‍മാര്‍  അവരുടെ കഴിവ് തെളിയിക്കാന്‍ മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍ സെക്കണ്ടറി കലാലയ മുറ്റത്തെത്തുമ്പോള്‍ ഇതൊരു വന്‍ വിജയമാക്കിത്തീര്‍ക്കാന്‍ പഞ്ചായത്ത് ഭരണസാരഥികള്‍, നാട്ടിലെ സാമൂഹിക, സാംസ്കാരിക, കലാ കായിക, ആരോഗ്യ, വിദ്യഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, കച്ചവട മേഖലയിലുളളവര്‍, നാട്ടിലെ സുമനസ്സുകള്‍ എല്ലാവരുടെയും മുന്നൊരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു.

മൊഗ്രാല്‍പുത്തൂരിന്‍റെ അക്ഷര കേന്ദ്രമായ GHSS നെ എല്ലാ അര്‍ത്ഥത്തിലും സ്മാര്‍ട്ടാക്കിയെടുക്കുന്നതിനുളള നല്ല കൂട്ടായ്മയില്‍ പങ്കാളികളായ സുമനസ്സുകള്‍ നാടിന്‍റെ ആദരവേറ്റുവാങ്ങുന്ന ചടങ്ങിനു കൂടി ശാസ്ത്രോത്സവം  വേദിയാവുന്നു.

വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തില്‍ മികവിന്‍റെ കേന്ദ്രമാക്കി മാറ്റിയെടുക്കുന്നതിന്‍റെ ഭാഗമായി ഹൈടെക്ക് ക്ലാസ്സ് റൂം പദ്ധതിക്കായി വിദ്യാലയ വികസന സമിതിക്കൊപ്പം കൈകോര്‍ത്ത വ്യക്തികള്‍ക്കും , സ്ഥാപനങ്ങള്‍ക്കും , കൂട്ടായ്മയ്ക്കുമുളള സ്നേഹോപഹാരം വേദിയില്‍ വെച്ച് നടത്തപ്പെടും ,  18 വര്‍ഷങ്ങള്‍ക്കിപ്പുറം വിരുന്നെത്തുന്ന മഹാമേളയെ ഉത്സവമാക്കിത്തീ ര്‍ക്കാന്‍
മൊഗ്രാല്‍പുത്തൂര്‍ ഒരുങ്ങിക്കഴിഞ്ഞു.






Saturday, 7 October 2017

കാസർഗോഡ് സബ് ജില്ലാ സ്കൂൾ ശാസ്ത്രമേള- 17 ലോഗോ പ്രകാശനം ചെയ്തു

   മൊഗ്രാൽപുത്തൂർ: കാസർഗോഡ് സബ് ജില്ലാ ശാസ്ത്രമേളയെ ഒരു നാട് നെഞ്ചേറ്റുന്നതിന്റെ ആഹ്ലാദാരവങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ മേളയുടെ ലോഗോ പ്രകാശനം നടന്നു ' സംഘാടക സമിതിയുടെ ചെയർമാനും, .മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ഏഏ.ജലീലാണ് ലോഗോ പ്രകാശനം ചെയ്തത്.. കാസർഗോഡ് എ ഇ ഒ .നന്ദികേശൻ, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ്കമ്പാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ ഹമീദ് ബള്ളൂർ, പി.ടി.എ.പ്രസിഡണ്ട് പി.ബി.അബ്ദുൾ റഹ്മാൻ, വൈപ്രസിഡണ്ട് മഹ്മൂദ് ബെള്ളൂർ, ജനറൽ കൺവീൻ കെ.രഘു, ഹെഡ്മാസ്റ്റർ കെ.അരവിന്ദ വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ, ക്ലബ് പ്രതിനിധികൾ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു






Friday, 6 October 2017

കാസറഗോഡ് ഉപജില്ലാ ശാസ്ത്രമേള ഒക്ടോബര്‍ 23,24 തീയ്യതികളില്‍; സംഘാടകസമിതി രൂപീകരിച്ചു


മൊഗ്രാല്‍പുത്തൂര്‍: ഈ വർഷത്തെ ഉപജില്ലാ ശാസ്ത്രോത്സവം മൊഗ്രാൽപുത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. സ്കൂളിൽ നടന്ന വിപുലമായ സംഘാടക സമിതി രൂപീകരണയോഗത്തിൽ തദ്ദേശസ്വയംഭരണ സാരഥികൾ, വിദ്യാഭ്യാസ വകുപ്പു മേധാവികൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, അധ്യാപക സംഘടനാ നേതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, വിവിധ ക്ലബ് പ്രതിനിധികൾ, ഹെഡ്മാസ്റ്റർസ് ഫോറം, അധ്യാപക രക്ഷാകർതൃസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ.എ ജലീൽ ഉദ്ഘാടനം ചെയ്തു.ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ എൻ.നന്ദികേശൻ ശാസ്ത്രാത്സവ വിഷയമവതരിപ്പിച്ചു കൊണ്ട് സംസാരിച്ചു. ഒക്ടോ: 23 ന് സാമൂഹ്യ, പ്രവൃത്തി പരിചയമേളയും 24 ന് ഗണിത, സയൻസ്, ഐ.ടി മേളയും നടക്കും. പി.ടി.എ.പ്രസിഡന്റ് പി.ബി.അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഹമീദ് ബള്ളൂർ, മുജീബ് കമ്പാർ മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ: പി.എ.ഫൈസൽ, എസ്.പി.സലാഹുദ്ദീൻ ഹെഡ്മാസ്റ്റർ കെ.അരവിന്ദ, മഹമൂദ് ബെള്ളൂർ, ഹനീഫ് കോട്ടക്കുന്ന്, മാഹിൻ കുന്നിൽ, പി.ദീപേഷ് കുമാർ, എം.സുരേന്ദ്രൻ, കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ആർ.രഘു നന്ദി പ്രകാശിപ്പിച്ചു. മേളയുടെ വിജയത്തിനായി വിവിധ കമ്മറ്റികൾ രൂപീകരിച്ചു.ചെയർമാൻ  ശ്രീ.എ.എ.ജലീൽ ജന: കൺവീനർ ശ്രീ.ആർ.രഘു