മൊഗ്രാൽപുത്തൂർ: ഹരിത പെരുമാറ്റചട്ടം നടപ്പിൽ വരുത്താൻ വിവിധ കർമപദ്ധതികൾക്ക് തുടക്കമിട്ടും മഴക്കൊയ്ത്ത് ഉത്സവം നടത്തിയും മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച ഹരിത പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായി മുഴുവൻ അധ്യാപകരും മഷിപ്പേന ഉപയോഗിച്ചും പ്ലാസ്റ്റിക് വാട്ടർബോട്ടിലുകൾ ഉപേക്ഷിച്ചുമാണ് കുട്ടികൾക്കു മുമ്പാകെ മാതൃക പകരുന്നത്.ഇതിന്റെ തുടർച്ചയായി വിദ്യാലയത്തിലെ 1500 ഓളം വിദ്യാർഥികളും പ്ലാസ്റ്റിക് ബോൾ പേനയും പ്ലാസ്റ്റിക് വെള്ളക്കുപ്പികളും ഉപേക്ഷിക്കും. ഇവ കർശനമായി പാലിക്കാൻ കുട്ടികളുടെ ശുചിത്വ സേന തന്നെ രംഗത്തിറങ്ങും. സ്കൂളിലെ മൂന്ന് കെട്ടിടങ്ങളുടെ മേൽക്കൂര യെ മഴക്കൊയ്ത്തുത്സവത്തിന് സജ്ജമാക്കി കിണർ റീചാർജ് ചെയ്യുന്നതിനായി കുട്ടികളുടെ നേതൃത്വത്തിൽ മേൽക്കൂരകൾ വൃത്തിയാക്കി. വൻതോതിലുള്ള മഴക്കൊയ്ത്തിലൂടെ സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചത്ത് കുന്നിലെയും പരിസരങ്ങളിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. സ്കൂളിലെ ഗ്രീൻ ബെൽറ്റിൽ നൂറും പഞ്ചത്തുകുന്നിൽ ഇരുന്നൂറും വൃക്ഷത്തൈകൾ നടും. ഹരിത ക്യാമ്പസ് പദ്ധതിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ കെ അരവിന്ദ നിർവഹിച്ചു.എം സുരേന്ദ്രൻ, സി വി സുബൈദ, സെയ്ദലവി, പി ദീപേഷ് കുമാർ എന്നിവർ സംസാരിച്ചു.
Subscribe to:
Post Comments (Atom)
0 comments:
Post a Comment