Monday 13 October 2014

നൊബേല്‍ സമ്മാനം 2014 - ഒറ്റനോട്ടത്തില്‍

സമാധാനം (PEACE)
ഇന്ത്യാക്കാരനായ കൈലാഷ് സത്യാര്‍ഥിയും പാകിസ്താന്‍കാരി മലാല യുസഫ്‌സായിയും 2014 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. കുട്ടികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇരുവരെയും പുരസ്‌ക്കാരത്തിന് അര്‍ഹമാക്കിയത്
      ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയുടെ സ്ഥാപകനാണ് 60 കാരനായ സത്യാര്‍ഥി. 80,000 ത്തിലധികം കുട്ടികളെ ഇതിനോടകം വിവിധതരം പീഡനങ്ങളില്‍നിന്ന് മോചിപ്പിച്ച് പുനരധിവസിപ്പിക്കാന്‍ മുന്‍കൈയെടുത്ത സംഘടനയാണിത്. മദര്‍ തെരേസയ്ക്ക് ശേഷം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. അതേസമയം, സമാധാന നൊബേലിന് അര്‍ഹനാകുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ സത്യാര്‍ഥിയാണ്. 1954 ല്‍ മധ്യപ്രദേശിലെ വിദിഷയില്‍ ജനിച്ച സത്യാര്‍ഥി 26 വയസില്‍ ഇലക്ട്രിക് എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് തെരുവ് കുട്ടികളുടെ പുനരധിവാസത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയായിരുന്നു. അമേരിക്കന്‍ സര്‍ക്കാരിന്റെ ഡിഫന്റേഴ്‌സ് ഓഫ് ഡമോക്രസി അവാര്‍ഡ്, സ്‌പെയിനിന്റെ അല്‍ഫോന്‍സോ കൊമിന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, മെഡല്‍ ഓഫ് ഇറ്റാലിയന്‍ സെനറ്റ്, അമേരിക്കന്‍ ഫ്രീഡം അവാര്‍ഡ്, ദ ആച്‌നര്‍ ഇന്റര്‍നാഷണല്‍ പീസ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ താമസിക്കുന്ന സത്യാര്‍ഥിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്
     മലാലയാകട്ടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കുമായി സ്വന്തം ജീവന് നേരെയുള്ള ആക്രമണം പോലും വകവെയ്ക്കാതെ പ്രവര്‍ത്തിച്ച പെണ്‍കുട്ടിയാണ്. നൊബേല്‍ സമ്മാനം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് മലാല. 1997 ല്‍ പാകിസ്താനിലെ സ്വാത് താഴ്‌വരയില്‍ ജനിച്ച മലാല, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി നിലകൊണ്ടതിന് താലിബാന്റെ ആക്രമണത്തിനിരയായപ്പോഴാണ് ലോകശ്രദ്ധ നേടിയത്. 2009 ല്‍ 11 വയസുള്ളപ്പോള്‍ ബി ബി സിയില്‍ അപരനാമത്തില്‍ മലാല എഴുതിയിരുന്ന ബ്ലോഗാണ്, താലിബാന്‍ നിയന്ത്രണത്തില്‍ പെണ്‍കുട്ടികളുടെ ജീവിതം എത്ര ശോചനീയമാണെന്ന് ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തത്. മലാലയുടെ പ്രവര്‍ത്തനത്തിന് താലിബാന്റെ മറുപടി വെടിയുണ്ടകള്‍ കൊണ്ടായിരുന്നു. 2012 ഒക്ടോബര്‍ 9 ന് സ്‌കൂളില്‍നിന്ന് മടങ്ങും വഴി അവള്‍ ആക്രമിക്കപ്പെട്ടു. വെടിയേറ്റ് ബോധം നശിച്ച മലാലയെ ബ്രിട്ടനിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ജീവന്‍ രക്ഷിച്ചത്. താലിബാന്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെയും ലോകമെമ്പാടും പ്രതിഷേധമുയരാന്‍ മാലലയ്ക്ക് നേരെയുണ്ടായ ആക്രമണം നിമിത്തമായി. ആഗോളതലത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് പിന്നീട് മലാല നടത്തിയത്.
ഭൗതികശാസ്‌ത്രം (PHYSICS)
നീല എല്‍.ഇ.ഡി. വികസിപ്പിച്ച ജപ്പാന്‍ വംശജരായ മൂന്ന് ഗവേഷകര്‍ക്ക് 2014 ലെ ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചു. ജപ്പാന്‍ ഗവേഷകരായ ഇസാമു അകസാകി, ഹിരോഷി അമാനോ, യു.എസ്.ഗവേഷകനായ ഷുജി നകാമുറ എന്നിവരാണ്  സമ്മാനം പങ്കിട്ടത്.  ഊര്‍ജക്ഷമതയേറിയ ശക്തിയേറിയ പ്രകാശസ്രോതസ്സ് എന്ന നിലയ്ക്ക് നീല ലൈറ്റ്-എമിറ്റിങ് ഡയോഡുകള്‍ വികസിപ്പിച്ചതിനാണ് ഈ മൂന്ന് ഗവേഷകര്‍ നൊബേല്‍ പങ്കിടുന്നത്.  നിലവിലുണ്ടായിരുന്ന പച്ച, ചുവപ്പ് എല്‍.ഇ.ഡി.കളുമായി നീല വെളിച്ചം സമ്മേളിപ്പിച്ചാണ്, തീവ്രതയേറിയ പ്രകാശമുള്ള, അതേസമയം കുറച്ച് ഊര്‍ജം ചിലവാക്കുന്ന വൈദ്യുതവിളക്കുകള്‍ക്ക് രൂപംനല്‍കാന്‍ ഈ ഗവേഷകര്‍ക്ക് കഴിഞ്ഞത്. കൂടുതല്‍ പ്രകാശം കൂടിയ ആയുസ്സ്, എന്നാല്‍ കുറഞ്ഞ ഊര്‍ജോപയോഗം - ഇതാണ് എല്‍.ഇ.ഡി.ലൈറ്റുകളുടെ സവിശേഷത. ലോകത്താകെ ഉപയോഗിക്കുന്ന വൈദ്യുതിയില്‍ നാലിലൊന്ന് ഭാഗവും ലൈറ്റുകള്‍ കത്തിക്കാനാണ് ഉപയോഗിക്കുന്നത്. ആ നിലയ്ക്ക് ഊര്‍ജ്ജോപയോഗം കുറയ്ക്കുന്നതില്‍ എല്‍.ഇ.ഡി.ലൈറ്റുകളുടെ പങ്ക് വളരെ വലുതാണ്. മാത്രമല്ല, എല്‍.ഇ.ഡി.ബള്‍ബുകള്‍ക്ക് ഒരു ലക്ഷം മണിക്കൂര്‍ വരെ ആയുസ്സുണ്ട്. അതേസമയം പഴയ വൈദ്യുതബള്‍ബുകള്‍ക്ക് ആയിരം മണിക്കൂറും ഫ് ളൂറസെന്റ് ലൈറ്റുകള്‍ക്ക് പതിനായിരം മണിക്കൂറുമാണ് ആയുസ്സ്. അതിനാല്‍, എല്‍.ഇ.ഡി.കള്‍ ഉപയോഗിക്കുന്നതാണ് നമ്മുടെ വിഭവങ്ങള്‍ ലാഭിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും എന്തുകൊണ്ടും നല്ലത്.
രസതന്ത്രം (CHEMISTRY)
അതിശക്തമായ ഫ്ലൂറസന്റ് സൂക്ഷ്മദര്‍ശിനി വികസിപ്പിക്കുന്നതിന് അടിത്തറയിട്ട മൂന്ന് ഗവേഷകര്‍ക്ക് രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം. അമേരിക്കക്കാരായ എറിക് ബെറ്റ്‌സിഗ്, വില്യം മോണര്‍, ജര്‍മനിയുടെ സ്റ്റെഫാന്‍ ഹെല്‍ എന്നിവരാണ് വൈദ്യശാസ്ത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയിട്ട നാനോസ്‌കോപ്പി ഗവേഷണങ്ങളുടെ പേരില്‍ അംഗീകരിക്കപ്പെട്ടത്. കോശങ്ങളെ തന്മാത്രാതലത്തില്‍ പഠിക്കാന്‍ കഴിയുന്നതാണ് പുതിയ നാനോ സൂക്ഷ്മദര്‍ശിനി. ഭൗതിക ശാസ്ത്രനിയമമനുസരിച്ച് പ്രകാശതരംഗദൈര്‍ഘ്യത്തിന്റെ പകുതിയായ 200 നാനോമീറ്ററില്‍ (ഒരു മീറ്ററിന്റെ 20,000 കോടിയിലൊരംശം) കുറവുള്ള വസ്തുവിന്റെ ദൃശ്യം വ്യക്തമാവില്ല. സാധാരണപ്രകാശം ഉപയോഗിക്കുന്ന സൂക്ഷ്മദര്‍ശിനികളുടെ പരിമിതി ഇതായിരുന്നു. ഫ്ലൂറസന്റ് തന്മാത്രകള്‍ ഉപയോഗപ്പെടുത്തിയാണ് ഗവേഷകര്‍ ഈ പരിമിതി മറികടന്നത്. നിരീക്ഷിക്കേണ്ട വസ്തുവില്‍ ഫ്ലൂറസന്റ് തന്മാത്രകള്‍ ചേര്‍ക്കുന്നു. തുടര്‍ന്ന് തന്മാത്രകള്‍ തെളിയാനായി വസ്തുവിലേക്ക് ലേസര്‍ രശ്മികള്‍ പായിക്കുന്നു. തുടര്‍ന്ന് രണ്ടാമതൊരു ലേസര്‍രശ്മിയിലൂടെ നിരീക്ഷിക്കേണ്ട ചെറിയഭാഗമൊഴികെയുള്ള ഇടങ്ങളിലെ ഫ്ലൂറസന്റ് നീക്കുകയും ചെയ്യുന്നു. തത്ഫലമായി 20 നാനോ മീറ്ററുള്ള വസ്തുവിനെപ്പോലും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കഴിയുന്നു. രോഗം കണ്ടെത്തുന്നതിലും പുതിയമരുന്നുകള്‍ വികസിപ്പിക്കുന്നതിലും വിപ്ലവം സൃഷ്ടിക്കാന്‍ പുതിയ സാങ്കേതികവിദ്യയ്ക്ക് കഴിയും.
വൈദ്യശാസ്‌ത്രം (MEDICINE)
ഇത്തവണത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിന് തലച്ചോറിന്റെ 'ആന്തര ജി.പി.എസ് ' സംവിധാനം കണ്ടെത്തിയ മൂന്ന് ഗവേഷകര്‍ അര്‍ഹരായി. ബ്രിട്ടീഷ്-അമേരിക്കന്‍ ഗവേഷകന്‍ ജോണ്‍ ഒ. കിഫ്, നോര്‍വീജിയന്‍ ദമ്പതിമാരായ മേയ് ബ്രിറ്റ് മോസര്‍, എഡ്വേഡ് ഐ മോസര്‍ എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. തലച്ചോറിലെ കോശങ്ങളുടെ സ്ഥാനം സംബന്ധിച്ച പഠനത്തിനാണ് മൂന്നു പേര്‍ക്കും പുരസ്കാരം ലഭിച്ചത്. ചുറ്റുമുള്ള പരിസരം തിരിച്ചറിഞ്ഞ് സ്ഥാനനിര്‍ണയം നടത്താനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും പ്രാപ്തമാക്കുന്ന തലച്ചോറിലെ കോശങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള പഠനമാണ് ഇവരെ നോബലിന് അര്‍ഹരാക്കിയത്. ഈ കണ്ടെത്തല്‍ വഴി നൂറ്റാണ്ടുകളായി മനുഷ്യനെ ചുറ്റിക്കുന്ന ചോദ്യങ്ങള്‍ക്കാണ് ഗവേഷകര്‍ ഉത്തരം കണ്ടെത്തിയിരിക്കുന്നത്. വളരെ സങ്കീര്‍ണമായ ചുറ്റുപാടുകളില്‍ ശരിയായ ദിശ കണ്ടെത്താനും, അതിന്റെ രുപരേഖ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാനും മനുഷ്യനെ പ്രാപ്തമാക്കുന്നത് എന്താണ് എന്ന ചോദ്യത്തിന്റെ മറുപടിയാണ് ഇവരുടെ കണ്ടുപിടിത്തം. അള്‍ഷിമേഴ്സ് രോഗികള്‍ ചുറ്റുപാടിനെ കുറിച്ച് അജ്ഞരാകുന്നത് എങ്ങനെയെന്ന് വിശദീകരിക്കാനും നാഡീസംബന്ധമായ വിവിധ അസുഖങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാക്കാനും ഈ കണ്ടെത്തല്‍ ഉപകരിക്കും
സാഹിത്യം (Literature)
പാട്രിക് മോദിയാനോ
സാഹിത്യത്തിനുള്ള 2014 ലെ നൊബേല്‍ സമ്മാനം ഫ്രഞ്ച് സാഹിത്യകാരന്‍ പാട്രിക് മോദിയാനോയ്ക്ക്. ലെ ഹെര്‍ബെ ദെ ന്യൂട്ട്, ലെ ഹൊറൈസണ്‍, നൈറ്റ് റൗണ്ട്‌സ്, റിംഗ് റോഡ്‌സ്, മിസിംഗ് പേഴ്‌സണ്‍, ട്രെയ്‌സ് ഓഫ് മലീസ്, ഡോറ ബര്‍ഡര്‍, ഹണിമൂണ്‍, ഔട്ട് ഓഫ് ദ ഡാര്‍ക്ക് തുടങ്ങിയ കൃതികളിലൂടെ പ്രശസ്തനായ മോദിയാനോ 1945 ല്‍ പാരീസിലാണ് ജനിച്ചത്. 1968 ലാണ് ആദ്യ നോവല്‍ പാലസ് ദെ ടോയിലെ പുറത്തിറങ്ങി. ബാലസാഹിത്യവും തിരക്കഥകളും എഴുതിയിട്ടുണ്ട്

0 comments:

Post a Comment